ന്യൂഡൽഹി : 19-ാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ലോവ്‌ലിന ബോർഗോഹെയ്‌നും ഹർമൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തും. ചൈനയിലെ ഹാങ്‌ഷൗവിലാണ് 2023 ലെ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവാണ് ലോവ്‌ലിന ബോർഗോഹെയ്‌ൻ. പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ആണ് ഹർമൻപ്രീത് സിംഗ്.
ടോക്കിയോ ഒളിമ്പിക്‌സിൽ 69 കിലോഗ്രാം വിഭാഗത്തിലാണ് ലോവ്‌ലിന ബോർഗോഹെയ്‌ൻ വെങ്കല മെഡൽ നേടിയിരുന്നത്. ഈ വർഷം മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ലോവ്‌ലിന 75 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണവും നേടിയിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സിൽ ഹോക്കിയിൽ വെങ്കലം നേടി ചരിത്രം കുറിച്ച ടീമിന്റെ ഭാഗമായിരുന്നു ഹർമൻപ്രീത്. ഇന്ത്യൻ ഹോക്കി ടീമിലെ മികച്ച ഡ്രാഗ്-ഫ്ലിക്കർമാരിൽ ഒരാളാണ് അദ്ദേഹം. ആകെ 655 ഇന്ത്യൻ അത്‌ലറ്റുകളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്. ഇതുവരെയായി ഏറ്റവും കൂടുതൽ ഇന്ത്യൻ മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് കൂടിയാണ് ഈ വർഷത്തേത്.









