തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തിന് തീപിടിച്ചു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനത്തിനാണ് തീ പിടിച്ചത്. സംഭവത്തിൽ ആളപായമില്ല.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ മാത്രമാണ് സംഭവ സമയം വണ്ടിയിൽ ഉണ്ടായിരുന്നത്. വെള്ളയമ്പലത്ത് എത്തിയപ്പോൾ വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് കണ്ടയുടൻ ഡ്രൈവർ വണ്ടിനിർത്തി. തുടർന്ന് പരിശോധിക്കുന്നതിനിടെ വാഹനത്തിൽ നിന്നും തീ ഉയരുകയായിരുന്നു. ഉടനെ അദ്ദേഹം വിവരം ഫയർഫോഴ്സിനെ അറിയിച്ചു.
ഇതിനിടെ തീ ആളിപടർന്നു. സംഭവ സമയം വാഹനങ്ങളുടെ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. ഈ വാഹനങ്ങളെല്ലാം നിയന്ത്രിച്ച ശേഷമായിരുന്നു തീ അണച്ചത്. എന്നാൽ അപ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചിരുന്നു. തീ അണച്ച ശേഷം പോലീസ് വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റി.
എസിയിൽ നിന്നും വാതകം ചോർന്നാകാം തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആരംഭിച്ചു.
Discussion about this post