1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം. ദുർഘടമായ ജീവിത സാഹചര്യങ്ങൾ എട്ടാം വയസിൽ നഷ്ടമാക്കിയ വിദ്യാഭ്യാസം.. വെറും പതിനാലു വയസു മാത്രം പ്രായം ഉള്ള കാലത്തെ വിവാഹവും, തുടർന്ന് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അതിക്രൂര പീഡനവും. അങ്ങനെ അവിടെ നിന്നും ഒളിച്ചോടി ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പാക്കത്തെത്തിയ അവൾ ചെന്നെത്തപ്പെട്ടത് സിനിമയിൽ മേയ്ക്ക് അപ്പ് അസിസ്റ്റന്റായി. അവിടെ നിന്നും ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും ചുവടുവെച്ചു. ശേഷം 1979 ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം. അന്ന് പ്രായം വെറും പത്തൊൻപതു വയസ്സാണ് വിജയ ലക്ഷ്മിക്ക്. ശേഷം അവൾ തന്റെ പേര് മാറ്റി സ്മിത എന്നാക്കി.
എന്നാൽ 1980 ൽ ഇറങ്ങിയ വിനു ചക്രവർത്തിയുടെ വണ്ടിചക്രം എന്ന തമിഴ് ചിത്രമാണ് സ്മിതയെ സിൽക്ക് സ്മിതയാക്കിയതും ജീവിതം മാറ്റി മറിച്ചതും. ആ ചിത്രത്തിലെ ലൈംഗിക അതിപ്രസരമുള്ള കഥാപാത്രത്തിന് വിനു എന്ന സംവിധായകൻ നൽകിയ പേരാണ് സിൽക്ക്. എന്നാൽ പിന്നീട് അവരിലേക്ക് വന്നു ചേർന്നതെല്ലാം ആ രീതിയിലുള്ള കഥാപാത്രങ്ങൾ. നാലാം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച സ്മിതയെ വിനു ചക്രവർത്തിയുടെ ഭാര്യ ഇംഗ്ലീഷ് പഠിപ്പിച്ചു, നൃത്തം അഭ്യസിപ്പിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയ്ക്ക്.
അങ്ങനെ എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണിയായി, മറ്റേതു നടിമാരേക്കാളും താരപദവി ഉന്മാദത്തോടെ ആഘോഷമാക്കി അവർ. നിർമാതാക്കൾ അവളുടെ ഡേറ്റിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നൊരു കാലമുണ്ട്. എന്നാൽ, അത്തരം അഡൾട് ഒൺലി ചിത്രങ്ങൾക്ക് പുറമെ മലയാളം ഉൾപ്പടെയുള്ള സൂപ്പർസ്റ്റാർ കൊമേഷ്യൽ സിനിമകളിലും മസാല ചേരുവയായി സ്മിതയെ ഉൾപ്പെടുത്തി നിർമാതാക്കൾ പണം കൊയ്തു.
പക്ഷെ, ഇത്തരം വേഷങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിച്ചു ക്യാരക്ടർ റോളുകൾ ചെയ്യണമെന്ന ആഗ്രഹം പലപ്പോളും സിൽക്ക് സ്മിത തന്നെ സമീപിച്ച സംവിധായകരേയും നിർമാതാക്കളേയും അറിയിച്ചെങ്കിലും കച്ചവടതാൽപര്യമെന്ന കഴുകൻ കണ്ണുകളിൽ കണ്ട കാഴ്ചകളുടെ രതിമൂർച്ഛയിൽ സ്മിത എന്ന കലാകാരിയേയോ വ്യക്തിയേയോ സിനിമാ ലോകമോ പ്രേക്ഷകരോ പരിഗണിക്കാൻ തയാറായില്ല.
ലൈം ലൈറ്റിൽ തെളിഞ്ഞു നിൽക്കുമ്പോൾ സ്വാഭാവികമായ കഥകളും അപവാദങ്ങളും അവർക്കൊപ്പവും കൂടി. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങള്‍ വളരെ കുറവായിരുന്നു എന്നത് സ്മിതയുടെ സ്വകാര്യ ജീവിതത്തെ നിശ്ചയമായും ദുരിതപൂർണമാക്കിയിട്ടുണ്ടാവണം. ഉൾവലിഞ്ഞ പ്രകൃതവും കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവവും കാരണം അവർക്ക് അധികം സ്നേഹിതർ ഉണ്ടായിരുന്നില്ല. പലപ്പോഴും ഈ പെരുമാറ്റം അഹന്തയും അഹങ്കാരവും ആയി വിമർശിക്കപ്പെട്ടു.
1996 സെപ്റ്റംബര്‍ 23ന് സ്മിതയെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവളുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടലിനൊപ്പം പല ദുരൂഹതകളും ഉയർന്നു. അതിനൊന്നും ഉത്തരം കിട്ടിയില്ലന്നു മാത്രമല്ല സ്വാഭാവികമായും അമിത മദ്യപാനം, വിഷാദം തുടങ്ങിയ ആരോപണങ്ങൾ അവർക്ക് മുകളിൽ ചാർത്തപ്പെട്ടു.
അത് മാത്രമല്ല, ഈ ഒരു സംഭവത്തിന് ശേഷം ഇന്നേവരെ അവരുടെ ബന്ധുക്കളെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ജീവനോടെ ആ സ്ത്രീ ഉണ്ടായിരുന്ന കാലത്ത് അവരെ വ്യക്തി എന്ന നിലയിൽ ഒരുതരത്തിലും പരിഗണിക്കാതെയിരുന്ന സിനിമാലോകം മരണത്തിലും അത് ആവർത്തിച്ചു. മൃതദേഹം കാണാൻ പോലും ആരും എത്തിയില്ല. എന്നാൽ മരണശേഷം ആ ജീവിതം വച്ചും വെള്ളിത്തിര കാശുവാരി. സിൽക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേർട്ടി പിക്ച്ചർ എന്ന വിദ്യാബാലൻ സിനിമ ബോക്സ് ഹിറ്റായിരുന്നു. ശേഷം സൂപ്പർ ഹിറ്റായ മാർക്ക് ആന്റണി എന്ന ചിത്രത്തിൽ അവരുടെ മുഖ സാദൃശ്യമുള്ള വിഷ്ണു പ്രിയ എന്ന പെൺകുട്ടി സിൽക്ക് സ്മിത ആയിതന്നെ വന്നു പോകുന്നു.
ചുരുക്കത്തിൽ, വെള്ളിത്തിര വളർന്നു വലുതായവരുടേത് മാത്രമല്ല, വെന്തു വെണ്ണീറായവരുടേതുകൂടിയാണ്..
Discussion about this post