ന്യൂഡൽഹി: വളർത്തുനായയ്ക്ക് നടക്കാൻ സ്‌റ്റേഡിയത്തിലെത്തുന്നവരെ ഒഴിപ്പിച്ച് വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നിർബന്ധിത വിരമിക്കൽ. 1994 ബാച്ചിലെ അരുണാചൽ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ റിങ്കു ദുഗ്ഗയ്ക്കാണ് നിർബന്ധിത വിരമിക്കൽ നൽകിയത്. അരുണാചൽ പ്രദേശിന്റെ ആഭ്യന്തരകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ റിങ്കുവിന്റെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ഖിർവാറും വിവാദത്തിലായിരുന്നു. ഡൽഹിയിലെ ത്യാഗരാജ് സ്‌റ്റേഡിയത്തിൽ നടക്കാനിറങ്ങിയപ്പോഴാണ് സന്ദർശകരെ ഒഴിപ്പിച്ച് ഇരുവരും വിവാദത്തിലായത്. ഇതിന് പിന്നാലെ ഖിർവാറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചലിലേക്കും സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ ഡൽഹി ചീഫ് സെക്രട്ടറിയോട് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടുകയും ചെയ്തിരുന്നു.
സ്‌റ്റേഡിയത്തിൽ പരിശീലനവും വ്യായാമവും ചെയ്യുന്ന അത്‌ലറ്റുകളോടും പരിശീലകരോടും വൈകിട്ട് ഏഴ് മണിക്ക് പരിശീലനം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ഇരുവരും ദുരുപയോഗം ചെയ്തതിനെക്കുറിച്ചാണ് ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.
സെൻട്രൽ സിവിൽ സർവ്വീസസ് ചട്ടം 46, ഫണ്ടമെന്റൽ റൂൾസ് 56 ജെ, 1972 ലെ പെൻഷൻ ചട്ടം തുടങ്ങിയവ അനുസരിച്ചാണ് നിർബന്ധിത വിരമിക്കൽ നൽകിയത്. ഇവരുടെ സർവ്വീസ് റെക്കോഡും തീരുമാനത്തിന് കാരണമായതായി അധികൃതർ വ്യക്തമാക്കി.
Discussion about this post