ടോറന്റോ : കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായി റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് വെബ്‌സൈറ്റ് തടസ്സം നേരിട്ടത്. പിന്നീട് അത് പരിഹരിക്കപ്പെട്ടുവെന്ന് ദേശീയ പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷൻസ് മേധാവി ഡാനിയൽ ലെ ബൗത്തിലിയർ പറഞ്ഞു. ‘ഇന്ത്യൻ സൈബർ ഫോഴ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കർമാരുടെ സംഘമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കനേഡിയൻ എയർഫോഴ്സ് വെബ്സൈറ്റ് നീക്കം ചെയ്തതായി ഇന്ത്യൻ സൈബർ ഫോഴ്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ട് വെബ്സൈറ്റിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 21 ന് ഇന്ത്യൻ സൈബർ ഫോഴ്സ് കാനഡയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കനേഡിയൻ സൈബർസ്പേസിനെതിരെ ആക്രമണം നടത്തുമെന്നാണ് സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകിയത്. സെപ്തംബർ 22 ന്, കനേഡിയൻ സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ ആരോപണങ്ങളിൽ ഗ്രൂപ്പ് അതൃപ്തി പ്രകടിപ്പിച്ചു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞയാഴ്ച ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിക്കിടയിലാണ് കനേഡിയൻ സൈന്യത്തിന്റെ വെബ് സൈറ്റിന് നേരെ സൈബർ ആക്രംണം നടന്നിരിക്കുന്നത്.








