മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് 186 യാത്രക്കാരുമായി പറന്ന മലേഷ്യ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. പറക്കലിനിടെ വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റുമാർ ചെന്നൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയായിരുന്നു. എയർബസ് എ330-200 ഇനത്തിൽപ്പെട്ട എംഎച്ച് 156 വിമാനമാണ് സുരക്ഷ മുൻനിർത്തി ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
വിമാനത്തിന്റെ എൻജിൻ തകരാർ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആംബുലൻസുകളും ഫയർ എഞ്ചിനുകളും സിഐഎസ്എഫ് സേനാംഗങ്ങളും ഉൾപ്പെടെയുള്ള അടിയന്തര സുരക്ഷാ സജ്ജീകരണങ്ങൾ റൺവേയിൽ സജ്ജമാക്കിയിരുന്നു. തുടർന്ന് വൈകുന്നേരം നാലരയോടെ വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെല്ലാവരും എയർപോർട്ട് ടെർമിനലിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 186 യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. എൻജിനിലെ തകരാറിനെക്കുറിച്ച് എയർലൈൻസിന്റെ സാങ്കേതിക വിദഗ്ധരുടെ സംഘം വിശദമായ അന്വേഷണം നടത്തി വരികയാണ്. അടിയന്തര ലാൻഡിംഗ് നടന്നെങ്കിലും ചെന്നൈ വിമാനത്താവളത്തിലെ മറ്റ് വിമാന സർവ്വീസുകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടർന്നതായി അധികൃതർ അറിയിച്ചു.








