ലക്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മദ്രസ അധികൃതർക്കെതിരെ കുടുംബം. നിരന്തര പീഡനത്തെ തുടർന്നാണ് 15 വയസ്സുള്ള പെൺകുട്ടി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഈ മാസം 10 നായിരുന്നു വിദ്യാർത്ഥിനി മരിച്ചത്. രണ്ട് മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. മദ്രസയിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടിയെ പരിക്ക് പറ്റിയതിനെ തുടർന്ന് ജൂലൈ ഒൻപതിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം രാത്രി പെൺകുട്ടികൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണെന്ന് പറഞ്ഞ് മദ്രസ അധികൃതർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ എത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
മദ്രസ മേധാവിയുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചത് എന്നാണ് ഇവർ ആരോപിക്കുന്നത്. മരിച്ച ശേഷം വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ മദ്രസ അധികൃതർ വിസമ്മതിച്ചു. അതിവേഗം മൃതദേഹം മറവുചെയ്യുന്നതിനും ഇവർ നിർബന്ധിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.












