ലക്‌നൗ : ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആറ് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോരിയയിലാണ് സംഭവം. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഫത്തേപ്പൂർ ജില്ലയിലെ രുദ്രാപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കം നടന്നത്. ഏറെ കാലമായി ഇവർ തമ്മിൽ പ്രശ്‌നം നിലനിൽക്കുകയാണ്. ഇന്ന് രാവിലെയോടെ ഇവർ സംഘം തിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. മുർച്ഛയേറിയ ആയുധങ്ങളും തോക്കും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അക്രമം മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ആറ് പേരുടെ കൊലപാതകത്തിലാണ് കലാശിച്ചത്.
ഗ്രാമത്തിൽ ഏറെ നാളായി ഭൂമി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന പഴയ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ജില്ലാ പഞ്ചായത്ത് അംഗം പ്രേം യാദവാണ് ആദ്യം മർദനമേറ്റ് മരിച്ചത്. ഇതേ തുടർന്ന് അടുത്ത സംഘത്തിലെ സത്യപ്രകാശ് ദുബെയെ ഇവർ മർദ്ദിച്ചു കൊന്നു. സത്യപ്രകാശ് ദുബെയും പ്രേം ചന്ദ്ര യാദവുമായി തർക്കം നിലനിന്നിരുന്നു. രാവിലെ സ്ഥലം നോക്കാൻ പ്രേം യാദവ് എത്തിയതറിഞ്ഞാണ് സത്യപ്രകാശും സംഘവും സ്ഥലത്തെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉടലെടുത്തു. സത്യപ്രകാശ് പ്രേം യാദവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതറിഞ്ഞ യാദവിന്റെ കുടുംബം സത്യപ്രകാശിന്റെ വീട്ടിലെത്തി അയാളെയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
Discussion about this post