ലണ്ടൻ : അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമനെ വധിക്കാൻ ശ്രമിച്ച കേസിൽ ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ യുവാവിന് 9 വർഷം തടവ് ശിക്ഷ. ബ്രിട്ടീഷ് സിഖ് യുവാവായ 21 വയസ്സുകാരൻ ജസ്വന്ത് ചൈലിനാണ് ശിക്ഷ ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടത്തിയ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ചത് എന്നാണ് ഈ യുവാവ് മൊഴി നൽകിയിരുന്നത്.
യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണക്കാക്കിയ കോടതി ശിക്ഷാ കാലാവധി തീരുന്നത് വരെ ബ്രിട്ടനിലെ മാനസികരോഗാശുപത്രിയിൽ കഴിയുവാനാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയാണ് ഈ കേസിലെ വിധി പ്രസ്താവിച്ചത്. ജസ്‌വന്ത് ചൈൽ കസ്റ്റഡിയിലേക്ക് മാറ്റാൻ യോഗ്യനാകുന്നത് വരെ ബെർക്ക്‌ഷെയറിലെ ഉയർന്ന സുരക്ഷയുള്ള മാനസികരോഗ ആശുപത്രിയായ ബ്രോഡ്‌മൂർ ഹോസ്പിറ്റലിൽ തുടരണമെന്ന് ജസ്റ്റിസ് നിക്കോളാസ് ഹില്യാർഡ് വിധിച്ചു.
ബ്രിട്ടനിൽ ജനിച്ചുവളർന്ന ഇന്ത്യൻ വംശജനായ ജസ്വന്ത് ചൈൽ 2018-ൽ അമൃത്സറിലേക്കുള്ള ഒരു കുടുംബ സന്ദർശനത്തിനിടെയാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് കൂടുതൽ അറിയുന്നത്. തുടർന്ന് ബ്രിട്ടനിൽ തിരിച്ചെത്തിയ ജസ്വന്ത് എലിസബത്ത് രാജ്ഞിയെ വധിക്കാനായി ശ്രമിക്കുകയായിരുന്നു. ഈ യുവാവിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് കാമുകി ആണ് ഇത്തരത്തിൽ ഒരു വധശ്രമം നടത്താൻ പ്രേരണ നൽകിയത് എന്നാണ് പറയപ്പെടുന്നത്. രാജ്ഞിയ്ക്കെതിരെ വധശ്രമം നടത്തുന്ന സമയത്ത് ജസ്വന്തിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി സ്ഥിരീകരിച്ചിരുന്നില്ല എന്നുള്ളതിനാലാണ് 9 വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്.
Discussion about this post