ലണ്ടൻ : ഹമാസ് ഭീകരരുടെ ആക്രമണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്നും സുനക് വ്യക്തമാക്കി. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ ബ്രിട്ടൻ അസന്ദിഗ്ധമായി അപലപിക്കുന്നതായി യു കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയും അറിയിച്ചു.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഇസ്രായേലിന് പിന്തുണ അറിയിച്ചത്. “ഇസ്രായേൽ പൗരന്മാർക്ക് നേരെ ഹമാസ് ഭീകരർ ഇന്ന് രാവിലെ നടത്തിയ ആക്രമണത്തിൽ ഞാൻ ഞെട്ടിപ്പോയി. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് സമ്പൂർണ്ണ അവകാശമുണ്ട്.
ഇസ്രായേലി അധികൃതരുമായി ബ്രിട്ടൻ ബന്ധപ്പെട്ടിരിന്നു. ഇസ്രായേലിലെ ബ്രിട്ടീഷ് പൗരന്മാർ അധികൃതർ നൽകുന്ന യാത്രാ ഉപദേശങ്ങൾ പാലിക്കണം” എന്നുമാണ് സുനക് വ്യക്തമാക്കിയത്.
ഇസ്രായേൽ പൗരന്മാർക്ക് നേരെ പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന ഭീകരമായ ആക്രമണങ്ങളെ യുകെ അസന്നിഗ്ദ്ധമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുകെ എപ്പോഴും പിന്തുണയ്ക്കുമെന്നും ക്ലെവർലി വ്യക്തമാക്കി.








