തിരുവനന്തപുരം: പ്രളയം പശ്ചാത്തലമാക്കിയുള്ള ചിത്രം 2018 ന്റെ തിരക്കഥാകൃത്ത് അഖിൽ പി ധർമ്മരാജന് പാമ്പ് കടിയേറ്റു. വെള്ളക്കെട്ടിൽ നിന്നും മാറാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ വിവരം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് അതിശക്തമായ മഴയായിരുന്നു ലഭിച്ചിരുന്നത്. ഈ സമയം പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതുമായി ബന്ധപ്പെട്ട് അഖിൽ വെള്ളായണിയിലെ വീട്ടിൽ ഉണ്ടായിരുന്നു. മഴയിൽ ഈ വീട്ടിൽ വെള്ളം കയറി. ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമിക്കുമ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്.
മൂർഖനാണ് കടിച്ചത്. വെള്ളത്തിലായതിനാൽ മാരകമായില്ല. നിലവിൽ ആശുപത്രിയിൽ ഒബ്സർവേഷനിൽ തുടരുകയാണ് അഖിൽ.
അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്.
ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.
ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം
Discussion about this post