ജമ്മു : ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചൽ സെക്ടറിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്മീർ സോൺ പോലീസ് ആണ് ഭീകരർ കൊല്ലപ്പെട്ട വിവരം വ്യക്തമാക്കിയത്. ഏറ്റുമുട്ടിൽ തുടരുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നും കശ്മീർ പോലീസ് അറിയിച്ചു.
കുപ്‌വാര പോലീസ് നൽകിയ ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരരെ കണ്ടെത്തിയതും ഏറ്റുമുട്ടൽ ആരംഭിച്ചതും. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. നിലവിൽ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞയാഴ്ച ബാരാമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തിയ രണ്ട് ഭീകരരെയും സുരക്ഷാ സേന വധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ പോലീസിനൊപ്പം നടത്തിയ സംയുക്ത ഓപ്പറേഷനിൽ കുപ്‌വാര സെക്ടറിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും ഇന്റലിജൻസ് ഏജൻസികളും ഒത്തുചേർന്നു നടത്തിയ പരിശ്രമത്തിലൂടെയാണ് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച ഭീകരരെ നേരിട്ടത്.
Discussion about this post