കോഴിക്കോട്: ഭക്ഷണം കഴിക്കുന്നതിനിടെ കൈതട്ടിയെന്ന് ആരോപിച്ച് സുഹൃത്തിനെ മർദ്ദിച്ചയാൾ അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. കല്ലായി സ്വദേശിയും ഇയാളുടെ സുഹൃത്തുമായ താജുദ്ദീനാണ് മർദ്ദനം ഏറ്റത്.
ബുധനാഴ്ചയായിരുന്നു സംഭവം. ഇരുവരും മറ്റ് മൂന്ന് സുഹൃത്തുക്കളുമൊത്ത് ഫ്രാൻസിസ് റോഡിന് സമീപത്തെ ഹോട്ടലിൽ ബിരിയാണി കഴിക്കാൻ കയറി. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ താജുദ്ദീന്റെ കൈ തട്ടിയെന്ന് പറഞ്ഞ് ഷാഹിം പ്രശ്‌നം ഉണ്ടാക്കി. ഇതോടെ വാക്കു തർക്കം ഉണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ ഷാഹിം താജുദ്ദീന്റെ മൂക്കിൽ മർദ്ദിച്ചു. സാരമായി പരിക്കേറ്റതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.












