ലക്നൗ : ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി ഭാര്യയുടെ പരാതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് പ്രവാസിയായ ഭർത്താവ് ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്. സംഭവത്തെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കാൺപൂരിലെ കുലിബസാർ സ്വദേശിനിയായ ലാലി ഗുൽസെബ എന്ന യുവതിയാണ് ഭർത്താവ് സലീമിനെതിരെ പരാതി നൽകിയിട്ടുള്ളത്
ബ്യൂട്ടിപാർലറിൽ പോയി പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാത്തതാണ് മുത്തലാഖ് ചൊല്ലാൻ കാരണം. ദൈവം തന്ന ശരീരത്തിലും സൗന്ദര്യത്തിലും മാറ്റങ്ങൾ വരുത്തരുതെന്ന കടുത്ത മതവിശ്വാസിയാണ് ഭർത്താവ് എന്നാണ് യുവതി പരാതിയിൽ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നയാളാണ് ഈ യുവതിയുടെ ഭർത്താവ്.
സൗദിയിൽ നിന്നും വീഡിയോ കോൾ ചെയ്തപ്പോഴാണ് ഭാര്യ പുരികം ഷേപ്പ് ചെയ്ത കാര്യം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ തന്നെ ഇതിന്റെ പേരിൽ തർക്കം ആവുകയും ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയും ആയിരുന്നു. ഭർത്താവ് വിദേശത്തേക്ക് പോയതിനുശേഷം ഭർതൃവീട്ടുകാർ നിരന്തരമായി തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും യുവതിയുടെ പരാതിയിൽ ഉണ്ട്. ഭർത്താവും ഭർതൃവീട്ടുകാരും അടക്കം അഞ്ചുപേർക്കെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.








