ന്യൂഡൽഹി; സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് പ്ലസ്ടു വിദ്യാർത്ഥിയുടെ വിരൽ മുറിച്ച് സീനിയർ വിദ്യാർത്ഥിയുടെ ക്രൂരത. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് പിന്നിൽ.
സ്‌കൂളിന് പുറത്തുവച്ച് പാർക്കിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ക്രൂരത നടത്തിയത്. ട്യൂഷൻ ക്ലാസിലെ സഹപാഠിയായ പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ആക്രമിച്ച് വിരൽ മുറിക്കുകയായിരുന്നു.
ഒക്ടോബർ 21 ന് കേസിനാസ്പദമായ സംഭവം നടന്നിരുന്നുവെങ്കിലും സീനിയറിനെ ഭയന്ന് കുട്ടി വിവരം മറച്ചുവച്ചു. സൈക്കിൾ ചങ്ങലയിൽ കൈ കുടുങ്ങിയെന്നാണ് പറഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം കുട്ടി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു.
മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും കുറ്റാരോപിതനായ പൂർവ്വ വിദ്യാർത്ഥി പ്രായപൂർത്തിയാകാത്തയാളാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post