ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ് സ്വന്തം അധ്വാനത്തിന്റെ ഫലമായുള്ള അടച്ചുറപ്പുള്ള ഒരു വീട്. സ്വപ്‌നഭവനം പണിതാലും ചിലർക്ക് സ്വന്തം വീട്ടിൽ മനസമാധാനവും അസ്വസ്ഥതയും അനുഭവപ്പെടാം. ഭാഗ്യദോഷം പിന്നാലെ കടന്നുകൂടാം. ഇതിന് വീടിന്റെ വാസ്തുദോഷം കൂടി കാരണമാണെന്നാണ് പഴമക്കാർ പറയുന്നത്.
ഒരു വീട്ടിൽ വാസ്തുപരമായി ഏറെ പ്രത്യേകതകൾ ഉള്ളതാണ് വാതിലുകളും ജനാലകളും. ഇവ അടച്ചുറപ്പിനോ, കാറ്റും വെളിച്ചവും കടക്കാനും മാത്രം ഉള്ളവയല്ല. പോസിറ്റീവ്, നെഗറ്റീവ് എനർജികൾ വീട്ടിലേക്ക് വരാനുള്ള കവാടങ്ങളാണ് ഇവ. ഒരു ജാലകം തെറ്റായ ദിശയിൽ തെറ്റായി രൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിൽ, അത് നെഗറ്റീവ് എനർജികൾ കടക്കാനും താമസക്കാർക്ക് ദുരിതമുണ്ടാക്കാനും വഴിയൊരുക്കും. നേരെമറിച്ച്, വാതിലുകളും ജനലുകളും ശരിയായ ദിശയിലാണ് നിർമ്മിച്ചതെങ്കിൽ വീട്ടിൽ അഭിവൃദ്ധിയും ഭാഗ്യവും കൈവരുന്നു.
വീടിന്റെ വാതിലുകളും ജനാലകളും ഏത് ദിശയിലായിരിക്കണമെന്ന് വാസ്തുവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് അഭിമുഖമായി ഒരു പ്രവേശന കവാടം ശുഭമായി കണക്കാക്കപ്പെടുന്നു. തെക്ക് അല്ലെങ്കിൽ തെക്ക്പടിഞ്ഞാറ് കോണുകൾക്ക് അഭിമുഖമായി വാതിലുകളോ ജനാലകളോ നിർമ്മിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വാതിലുകളും ജനാലകളും 2, 4, 6, 8 മുതലായ സംഖ്യകളിലായിരിക്കണം, എന്നാൽ 10ന്റെയും 8ന്റെയും ഗുണിതങ്ങൾ ആയിരിക്കരുത്. 12,14,18,20 എന്നിവ കുഴപ്പമില്ല.
ഒരു വീടിന്റെ പ്രധാനവാതിലായിരിക്കണം വീട്ടിലെ മറ്റേത് വാതിലിനേക്കാളും വലുത്. ഇത് രണ്ട് പാളി ഉള്ളതാണെങ്കിൽ കൂടുതൽ ഉചിതം. പ്രധാന കവാടത്തിന് മുന്നിൽ ചെടികൾ, മരങ്ങൾ, പ്രതിമകൾ, തൂണുകൾ തുടങ്ങിയ തടസ്സങ്ങൾ ഒഴിവാക്കുക. ഇവ പോസിറ്റീവ് എനർജിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നു. വാതിലുകൾ ഒരിക്കലും ഒരു ചുവരിന്റെ മധ്യത്തിൽ സ്ഥാപിക്കരുത്.
വാസ്തു ശാസ്ത്ര പ്രകാരം തെക്ക് ദിശയിൽ അബദ്ധത്തിൽ പോലും ജനൽ ഉണ്ടാകരുത്. യഥാർത്ഥത്തിൽ, തെക്ക് ദിശ യമദേവന്റെ ദിശയായി കണക്കാക്കപ്പെടുന്നു. മരണത്തിന്റെ ദേവനാണ് യമദേവൻ. അതിനാൽ ഈ ദിശയെ അശുഭകരമായി കണക്കാക്കുന്നു. ഈ ദിശയിൽ ഒരു ജാലകം ഉണ്ടാക്കിയാൽ, അത് വീട്ടിലെ അംഗങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ വീടിന് ഇതിനകം തെക്ക് ദിശയിൽ ഒരു ജനൽ ഉണ്ടെങ്കിൽ, സാധ്യമെങ്കിൽ ഈ സ്ഥലത്തെ ജനാലകളിൽ കട്ടിയുള്ള ഒരു കർട്ടൻ ഇടുക.
വാസ്തു ശാസ്ത്ര പ്രകാരം, വീടിന്റെ പ്രധാന വാതിലിനരികിലായി ഒരു ജനൽ ഉണ്ടാക്കുന്നത് നല്ലതാണ്. പ്രധാന വാതിലിന് അരികിലായി ഒരു ജനൽ വയ്ക്കുന്നതിലൂടെ, വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കുകയും വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കുകയും ചെയ്യും. വീടു പണിയുമ്പോൾ പ്രധാന വാതിലിന്റെ ഇരുവശങ്ങളിലും തുല്യ വലിപ്പത്തിലുള്ള ജനലുകൾ വേണം.
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ജനലുകൾ എപ്പോഴും വാതിലുകൾക്ക് എതിർവശത്തായിരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ സമാധാനവും പുരോഗതിയും ഉണ്ടാകും. വാതിൽ അടയ്ക്കുമ്പോൾ ശബ്ദമുണ്ടാകുന്നുവെങ്കിൽ ഉടനെ നന്നാക്കുക. ഇല്ലെങ്കിൽ വീട്ടിൽ കുടുംബ കലഹത്തിനു വഴിയൊരുക്കും. വിള്ളലോ പൊട്ടലോ വീണ വാതിൽ വീട്ടിൽ ഉണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റിസ്ഥാപിക്കണം.












