തിരുവനന്തപുരം : ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിന്റെ നോട്ടീസ് തയ്യാറാക്കിയതിൽ വീഴ്ച പറ്റിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായരെ സംസ്ഥാനത്തു നിന്നും നീക്കം ചെയ്ത് ദേവസ്വം ബോർഡ് ഉത്തരവിറങ്ങി. തിങ്കളാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ക്ഷേത്രപ്രവേശന വിളംബര ദിനത്തിന്റെ എൺപത്തിയേഴാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറാക്കിയ നോട്ടീസ് ആണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചത്. ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി ക്ഷണിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി എന്നിവരെയായിരുന്നു. തയ്യാറാക്കിയ നോട്ടീസിൽ ഇവരെ ഹേർ ഹൈനസ് എന്നും തമ്പുരാട്ടിമാർ എന്നും ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്.
നോട്ടീസിലെ ഈ വിശേഷണങ്ങൾ രാജവാഴ്ചയെ അനുകൂലിക്കുന്നതാണെന്ന് ആരോപിച്ച ചില ഭാഗങ്ങളിൽ നിന്നും വലിയ എതിർപ്പായിരുന്നു ഉണ്ടായത്. സംഭവം വിവാദമായതോടെ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയതും ഇപ്പോൾ ഡയറക്ടറെ പിരിച്ചുവിടുന്ന നടപടിയിലേക്ക് നീങ്ങുന്നതും.
Discussion about this post