എറണാകുളം : കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നൽകിയ മാനനഷ്ട കേസിൽ സിപിഎമ്മിന് വൻ തിരിച്ചടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും ദേശാഭിമാനി പത്രാധിപരും കോടതി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് എറണാകുളം സി.ജെ.എം കോടതി സമൻസ് അയച്ചു.
ജനുവരി 12നാണ് ഇവർ കോടതിയിൽ ഹാജരാകേണ്ടത്. മോൺസൺ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതായാണ് പരാതി. സംഭവം നടക്കുമ്പോൾ കെ.സുധാകരൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി എം വി ഗോവിന്ദൻ ആരോപണമുന്നയിച്ചിരുന്നു.
ദേശാഭിമാനിയിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കെ സുധാകരനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് കെ സുധാകരൻ വ്യാജവാർത്ത നൽകിയ ദേശാഭിമാനി പത്രാധിപർക്കെതിരായും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് എംവി ഗോവിന്ദനും പി പി ദിവ്യക്കും എതിരായും മാനനഷ്ട കേസ് നൽകിയിരുന്നത്.
Discussion about this post