ന്യൂഡല്‍ഹി : ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും സീറ്റ് ഉറപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാതെയാകും. ഇതിനായി ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 1300 ആയി ഉയര്‍ത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ദീപവലി സമയത്ത് രാജ്യത്തെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍ തിരക്ക് അനുഭവപ്പെടുകയും ബിഹാറില്‍ തിങ്ങി നിറഞ്ഞ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ഒരാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടിക്ക് റെയില്‍വേ ഒരുങ്ങുന്നത്.
ആദ്യ പടിയെന്ന നിലയില്‍ വര്‍ഷം 4000 മുതല്‍ 5000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേയുടെ നീക്കം. ഇപ്പോള്‍ 10,748 ട്രെയിനുകളാണ് രാജ്യത്ത് എല്ലാ ദിവസവും സര്‍വ്വീസ് നടത്തുന്നത്. നാല് വര്‍ഷം കൊണ്ട് 3000 ട്രെയിനുകള്‍ കൂടി പുതിയതായി ഇറക്കാനാണ് നിലവില്‍ പദ്ധതിയിടുന്നത്. ഇതിലൂടെ വര്‍ഷം തോറും 800 കോടി യാത്രക്കാരെന്നത് 1000 കോടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കൂടാതെ ഇത്തരം നടപടികളിലൂടെ യാത്രാസമയം കുറയ്ക്കാനുള്ള നീക്കവും റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ട്രാക്കുകള്‍ നിര്‍മ്മിക്കുക, ട്രെയിനിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കുന്നത്.
Discussion about this post