തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞയടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് സ്‌കൂൾവിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.
ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് ആരംഭിച്ച വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചുവെന്നാണ് സൂചന. രണ്ട് വിദ്യാർത്ഥിനികൾ തമ്മിലായിരുന്നു സംഘർഷം. മുടിയിൽ പിടിച്ച് വലിച്ചാണ് വിദ്യാർത്ഥിനികൾ അടിയ്ക്കുന്നത്. പുറത്തും തലയിലും അടിയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
ആദ്യം വിദ്യാർത്ഥിനികളെ തടയാൻ ഇവരുടെ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. കൂട്ടത്തല്ല് കണ്ട് ആളുകൾ ചുറ്റും കൂടി. ഇതോടെ വിദ്യാർത്ഥിനികൾ പിന്തിരിയുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേ തുടർന്നാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.












