കോട്ടയം : വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിന് മധ്യവയസ്കൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കടയിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ ബൈക്കിൽ എത്തി തടഞ്ഞുനിർത്തി അശ്ലീലമായി സംസാരിച്ചത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം നടന്നത്. റാന്നി നെല്ലിക്കാമണ്‍ ഭാഗത്ത് മണിമലേത്ത് കാലായില്‍ വീട്ടില്‍ ശശി (54) ആണ് പോക്സോ കേസിൽ പിടിയിൽ ആയിരിക്കുന്നത്. മുണ്ടക്കയം പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഇയാൾ മോശമായി പെരുമാറിയ വിവരം പെൺകുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. മുണ്ടക്കയം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post