പശ്ചിമ ബംഗാളിൽ അടുത്ത ആറ് മാസത്തിനകം ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ ബംഗാളിലും ബി.ജെ.പി സർക്കാർ ഏകീകൃത നിയമം കൊണ്ടുവരുമെന്ന് കൊൽക്കത്തയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം ഉറപ്പുനൽകി. ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി സർക്കാരിനെ അധികാരത്തിലെറ്റിയതെന്നും ആ പ്രതീക്ഷകൾ തങ്ങൾ പാഴാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ശേഷം ‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ഭരണകൂടം ജനങ്ങളെയും വിവിധ സമുദായങ്ങളെയും തമ്മിൽ തല്ലിച്ച് ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ പുതിയ ബി.ജെ.പി സർക്കാർ ഭരണഘടനാ തത്ത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും ഇന്ത്യൻ സംസ്‌കാരത്തിനും ആരാധനാലയങ്ങൾക്കും നേരെ ഒരു ആക്രമണവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരം കോടി രൂപ ചെലവഴിച്ച് രണ്ട് വർഷത്തിനുള്ളിൽ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക പദ്ധതി നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും രാജ്യത്തിനകത്തു നിന്നുള്ള ഭീഷണികളെ ഒറ്റക്കെട്ടായി ചെറുക്കാനും മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. ഇതിന് പുറമെ നവംബറിൽ ഹനുമാൻ ചാലിസ പാരായണവും ഡിസംബറിൽ ഗീതാ പാരായണവും കൊൽക്കത്തയിൽ സംഘടിപ്പിക്കുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.







