വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗമാവുന്നത്. ഇൻസ്ട്രക്ടറുടെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീ പാരാമോട്ടറിംഗ് ചെയ്യുന്ന വീഡിയോ ക്ലിപ്പ് ആണിത്. 97 വയസ്സുള്ള ഒരു വയോധികയാണ് ഈ സാഹസിക വിനോദം നടത്തുന്നത് എന്നുള്ളത് ഏറെ അതിശയകരമാണ്.
‘ഹീറോ ഓഫ് ദി ഡേ’ എന്നാണ് ആനന്ദ് മഹീന്ദ്ര ആ മുത്തശ്ശിയെ വിശേഷിപ്പിച്ചത്. വൈകാതെ തന്നെ സ്വന്തമായി പറക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഇൻസ്റ്റാഗ്രാം പേജ് ആയ ഫ്ലയിംഗ് റൈനോ പാരാമോട്ടോറിങ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആർമി പാരാ-കമാൻഡോ പൈലറ്റുമാരുടെയും മുതിർന്ന എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും ഒരു ടീമാണ് ഈ സാഹസിക കായിക വിനോദം നടത്തുന്നത് എന്നാണ് ഈ ഇൻസ്റ്റഗ്രാം പേജ് വ്യക്തമാക്കുന്നത്.
മക്കളോടും കൊച്ചുമക്കളോടും ഒപ്പം വന്ന് യാതൊരു ഭയവും കൂടാതെ പാരാമോട്ടോറിംഗ് നടത്തുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്. ഏതാനും മണിക്കൂറുകൾക്കു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ഇതിനകം തന്നെ നാല് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ഈ മുത്തശ്ശി ശരിക്കും പ്രചോദനാത്മകമായ വ്യക്തിത്വം ആണെന്നാണ് ഏവരുടെയും അഭിപ്രായം.
Discussion about this post