ചെന്നൈ : 29 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചെന്നൈ റോയപുരം മേഖലയിലാണ് ഈ നായയുടെ ആക്രമണം ഉണ്ടായിരുന്നത്. നിരവധി പേരെ കടിച്ചതിനെ തുടർന്ന് നായയെ അടിച്ചു കൊന്നിരുന്നു. നായയുടെ മൃതദേഹത്തിൽ നിന്നും എടുത്ത സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഈ നായയുടെ കടിയേറ്റവരും അവരുമായി സമ്പർക്കം പുലർത്തിയവരും എത്രയും വേഗം പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ എടുക്കാൻ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ നിർദ്ദേശം നൽകി. ഈ പരിസരത്ത് ഇരുപത്തൊമ്പതോളം പേരെയാണ് നായ കടിച്ചത്. രോഷം പൂണ്ട നാട്ടുകാരാണ് നായയെ കല്ലെറിഞ്ഞും അടിച്ചും കൊന്നത്.
ഈ സംഭവത്തെത്തുടർന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് 31 തെരുവ് നായ്ക്കളെ കൂടി പിടികൂടി. പിടികൂടിയ നായകൾക്ക് പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
Discussion about this post