ലക്നൗ:ജാതിക്കും മതത്തിനും അതീതമായി രാജസ്ഥാനിലെ ജനങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് .രാജസ്ഥാനില്‍ ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 199 നിയമസഭാ മണ്ഡലങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ 55.63 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
63.37 ശതമാനത്തോടെ ഏറ്റവും കൂടുതല്‍ പോളിംഗ് രോഖപ്പെടുത്തിയിരിക്കുന്നത് തിജാരയിലാണ്. ടോങ്കില്‍ 56.83 , ജയ്പൂരില്‍ 55.75 ,ജയ്സാല്‍മൂറില്‍ 63.48 , ജലവാറില്‍ 60.47 ,ഹമാന്‍ഗഢില്‍ 61.64 , എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഉച്ചയ്ക്ക് മുന്‍പ് വരെ 40.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരുന്നത്.
രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മിത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് കരണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ 1 ,02,290 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതാസ്ര, ഗെഹ്ലോട്ട് മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. മറുവശത്ത് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍, മുന്‍ മുഖ്യമന്ത്രി വസുന്ദര രാജെ, എം പിമാരായ ദിയാ കുമാരി, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ഗുര്‍ജര്‍ നേതാവ് കിരോഡി സിംഗ് ബൈന്‍സ്ലയുടെ മകന്‍ വിജയ് ബൈന്‍സ്ല എന്നിവരാണ് ബിജെപിയുടെ പ്രധാന സ്ഥാനാര്‍ത്ഥികള്‍.










