തൃശൂർ: മുല്ലപ്പൂവ് നൽകുമ്പോൾ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് ഒരുവട്ടംഅച്ഛാന്ന് വിളിക്കണമെന്ന് ഗുരുവായൂരിലെ മുല്ലപ്പൂ വിൽപ്പനക്കാരി ധന്യ. വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യയുടെ വാർത്ത വൈറലായിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തന്റെ മകളുടെ വിവാഹത്തിന് മുല്ലപ്പൂ ധന്യയെ ഏൽപ്പിച്ചിരുന്നു.
ഞാൻ എന്റെ അച്ഛനെ കണ്ടിട്ട് രണ്ടര വർഷമായി. കല്യാണം കഴിഞ്ഞ ശേഷം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും, അച്ഛന്റെയടുത്ത് പോകുമ്പോൾ അച്ഛൻ എന്നോട് സംസാരിക്കാൻ കൂട്ടാക്കാറില്ല. സുരേഷേട്ടനെ കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് അച്ഛാന്ന് വിളിച്ചോട്ടെയെന്ന് അദ്ദേഹത്തോട് ചോദിക്കട്ടെയെന്ന് ഞാൻ ചേട്ടനോട് ചോദിച്ചു. ആയിക്കോട്ടെ, നീ ചെയ്തോന്ന് ചേട്ടൻ പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ അടുത്തുവന്നപ്പോൾ എനിക്ക് ഒന്നിനും സാധിച്ചില്ല. ഇപ്പോഴും ഞാൻ പറയുന്നു, ആ മുല്ലപ്പൂവ് ഏൽപ്പിക്കുമ്പോൾ എനിക്കൊന്ന് കെട്ടിപ്പിടിക്കണം. അച്ഛാന്ന് ഒരുവട്ടം വിളിക്കണം. വലിയ ആഗ്രഹമാണെന്ന് ധന്യ പറഞ്ഞു.
ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ മുല്ലപ്പൂ കച്ചവടം നടത്തുന്നത്. കുഞ്ഞുമായി ധന്യ ക്ഷേത്ര നടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണെന്നും പക്ഷെ അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വെറുതെ കാശ് കൊടുക്കുന്നതല്ലെന്നും അവരുടെ അധ്വാനം അതിൽ വരുമെന്നും പൂക്കൾക്ക് ഓർഡർ നൽകിയ ശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. 300 മുഴം പൂവിന്റെ ഓഡറാണ് ധന്യയ്ക്ക് സുരേഷ് ഗോപി നൽകിയത്.
Discussion about this post