കൊച്ചി: ശാസ്ത്രവും ആത്മീയതയും ഒരുമിച്ചുകൊണ്ടുപോകുന്നതിലൂടെ ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. ആലുവ തന്ത്ര വിദ്യാപീഠത്തിലെ പുതിയ പഠനഗവേഷണ കേന്ദ്രത്തിന്റെയും, അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ശാസ്ത്രത്തിന്റെ സൃഷ്ടിയായ ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഭാരതത്തിന്റെ പൗരാണിക ശാസ്ത്രത്തിലുണ്ട്. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പാശ്ചാത്യരാജ്യങ്ങള്‍ പോലും പരിഹാരത്തിനായി ഭാരതത്തിന്റെ ആദ്ധ്യാത്മികതയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ശാന്തിയും അഖണ്ഡതയും നിലനിര്‍ത്താന്‍ ആദ്ധ്യാത്മിക പാരമ്പര്യത്തിന് കഴിയും. ആദ്ധ്യാത്മികതയ്ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന ഒരു ഭാവി തലമുറയാണ് ഉണ്ടാകേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിനും വിപുലീകരണത്തിനും സഹകരണം തേടി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.
ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന ചര്‍ച്ചയില്‍ യുഎഇ ആസ്ഥാനമായ എന്‍എംസി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഡോ.ബി.ആര്‍. ഷെട്ടി, യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി, ബെംഗളൂരു പ്രകൃതി നെസ്റ്റ് ബില്‍ഡേഴ്‌സ് സിഎംഡി എന്‍. ബാലകൃഷ്ണ, ദുബായ് ജെആര്‍ എയ്‌റോലിങ്ക് എംഡി അനില്‍പിള്ള, യുഎഇ എക്‌സ്‌ചേഞ്ച് സിഒഒ പ്രമോദ്, എന്‍എംസി ഗ്രൂപ്പ് സിഒഒ പ്രശാന്ത് മങ്ങാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് പങ്കെടുത്തത്. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സാരഥികളും യോഗത്തിനെത്തി.
എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമെന്നും അത് മറ്റു രാജ്യങ്ങള്‍ക്കു കൂടി ബോധ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും മോഹന്‍ ഭാഗവത് നിര്‍ദേശിച്ചു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോഹന്‍ ഭാഗവത് നിയമസഭാ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളെക്കുറിച്ച് ആര്‍എസ്എസിലെയും ബിജെപിയിലെയും നേതാക്കളുമായി ചര്‍ച്ച നടത്തും. കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരെയും അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
Discussion about this post