കൊല്ലം: നീണ്ട 21 മണിക്കൂറുകളുടെ പ്രയത്നത്തിനും പ്രാർത്ഥനകൾക്കുമൊടുവിൽ ആശ്വാസ വാർത്തയെത്തി. ഒയൂരിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലത്തെ ആശ്രാമം മൈതാനത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും അമ്മ സിജി നന്ദി പറഞ്ഞത് വിതുമ്പലോടെയാണ്. മാദ്ധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും അമ്മ സിജി കണ്ണീരോടെ നന്ദി പറഞ്ഞു.
‘കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്‍റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’- സിജി പ്രതികരിച്ചു. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു അബിഗേലിന്റെ കുഞ്ഞു സഹോദരൻ ജോനാഥൻ പ്രതികരിച്ചത്.
കൊല്ലം എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് മൈതാനത്ത് കുഞ്ഞിനെ കണ്ടത്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ എആർ ക്യാമ്പിൽ തുടരുകയാണ് കുഞ്ഞ്. വൈദ്യ പരിശോധനകൾക്ക് ശേഷം വൈകാതെ തന്നെ കുഞ്ഞിനെ വീട്ടിലെത്തിക്കും. വീഡിയോ കോളിലൂടെ കുഞ്ഞ് വീട്ടുകാരുമായി സംസാരിച്ചിരുന്നു.
Discussion about this post