ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹിരാകാശ ദൗത്യങ്ങളെ കുറിച്ച് മികച്ച ധാരണയും കാഴ്ചപ്പാടുമുള്ളതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മേധാവി ബിൽ നെൽസൺ. ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ രണ്ടാഴ്ചത്തെ ശാസ്ത്രീയ ദൗത്യത്തിനായി അടുത്ത വർഷം അവസാനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ പരിശീലിപ്പിക്കുമെന്നും നാസ മേധാവി വ്യക്തമാക്കി. അടുത്ത ഇന്ത്യൻ ബഹിരാകാശ യാത്രികൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആകുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ബഹിരാകാശ യാത്രകളുടെ ആരാധകനാണെന്ന് ബിൽ നെൽസൺ അഭിപ്രായപ്പെട്ടു.
നിലവിൽ ഇന്ത്യൻ സന്ദർശനത്തിലാണ് സെനറ്റർ കൂടിയായ നാസ മേധാവി. ഇന്ത്യയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ബഹിരാകാശ ആരാധകനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
“ബഹിരാകാശത്തേക്ക് പറക്കുന്നത് ഏതൊരു രാഷ്ട്രീയക്കാരനും വിലപ്പെട്ട അനുഭവമാണ്, അതിലുപരി ഒരു രാഷ്ട്രത്തലവനെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകതയുള്ളതാണ്. ബഹിരാകാശത്ത് രാഷ്ട്രീയ അതിരുകളോ മത അതിരുകളോ വംശീയ അതിരുകളോ ഇല്ല. ബഹിരാകാശത്ത് എത്തുന്ന ഒരാൾ ഒരാൾ ഭൂമിയിലെ പൗരനാണ്.” എന്നും ബിൽ നെൽസൺ അഭിപ്രായപ്പെട്ടു.
ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്നതിനായി ചന്ദ്രനിൽ ജീവിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് പ്രോഗ്രാമിൽ ഇന്ത്യയുടെ പങ്ക് നിർണായകം ആണെന്നും ബിൽ നെൽസൺ സൂചിപ്പിച്ചു. ചാന്ദ്ര ദൗത്യങ്ങളിൽ അന്താരാഷ്ട്ര സഹകരണത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകുമെന്നും ഇന്ത്യയ്ക്ക് അതിൽ സജീവ പങ്കാളിയാകാൻ കഴിയും എന്നും ബിൽ നെൽസൺ വ്യക്തമാക്കി.
Discussion about this post