ന്യൂഡൽഹി : തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ബി ആർ എസ് ആയിരുന്നു അധികാരത്തിൽ എത്തിയിരുന്നത്. സംസ്ഥാന രൂപീകരണത്തിനായി ഏറ്റവും കൂടുതൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിരുന്ന വ്യക്തിയായ കെസിആർ ആയിരുന്നു അതിനൊരു പ്രധാന കാരണം. എന്നാൽ 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ജനങ്ങൾ കെസിആറിനെ കൈവിടും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
കെസിആർ നേതൃത്വം നൽകുന്ന ബിആർഎസ് പാർട്ടിയ്ക്ക് 52 സീറ്റുകൾ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കോൺഗ്രസിന് 54 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. എക്സിറ്റ്പോൾ ഫലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തെലങ്കാനയിൽ ബിജെപി 8 സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകൾ നേടുമെന്നുമാണ് അവസാനം പുറത്തു വരുന്ന പ്രവചന ഫലങ്ങൾ സൂചിപ്പിക്കുന്നത്.
2014 മുതൽ മുഖ്യമന്ത്രി കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാന സംസ്ഥാനം അടക്കി വാഴുന്നത്. രേവന്ത് റെഡ്‌ഡി ആണ് കോൺഗ്രസിനെ നയിക്കുന്നത്. 119 സീറ്റുകളിലേക്ക് ആണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടന്നത്.








