പനാജി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകി വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന ക്ഷേമപദ്ധതി പ്രഖ്യാപിച്ച് ഗോവ സർക്കാർ. ‘മുഖ്യമന്ത്രി അന്ത്യോദയ അന്ന യോജന’യുടെ ഭാഗമായാണ് ഈ സാമ്പത്തിക സഹായം സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം ഒരു സിലിണ്ടറിന്റെ മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴി റീഫണ്ടായി ഗുണഭോക്താക്കൾക്ക് തിരികെ ലഭിക്കും. നിലവിലെ മാർക്കറ്റ് നിരക്കനുസരിച്ച് മൂന്ന് സിലിണ്ടറുകൾക്കായി പ്രതിവർഷം ഏകദേശം 2,750 രൂപ മുതൽ 3,000 രൂപ വരെയാകും ഒരു കുടുംബത്തിന് ലഭിക്കുക. പ്രതിമാസം നൽകുന്ന പാചകവാതക സബ്‌സിഡിക്ക് പുറമെയാണ് ഈ പ്രത്യേക സഹായം ലഭിക്കുന്നത് എന്നത് പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകും.
അന്ത്യോദയ അന്ന യോജന (എഎവൈ) റേഷൻ കാർഡുള്ള കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ റേഷൻ കാർഡ് ബാങ്ക് അക്കൗണ്ടുമായും ആധാറുമായും ബന്ധിപ്പിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക എൽപിജി വിതരണക്കാർ മുഖേന ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് തുക അടച്ച ശേഷം നിശ്ചിത ദിവസങ്ങൾക്കകം തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തും. പദ്ധതിക്കായുള്ള തുക വകയിരുത്തിയിട്ടുണ്ടെന്നും അർഹരായ എല്ലാ കുടുംബങ്ങളിലേക്കും ആനുകൂല്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.









