ഡിസംബറിൽ യുഎസിലെ ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിൽ കാണാൻ ആഗ്രഹിക്കുന്ന ആഗോള നേതാക്കളുടെ പട്ടികയിൽ ഒന്നാമൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ.
ഇരുനേതാക്കളും തമ്മിലുള്ള ദൃഢമായ വ്യക്തിബന്ധവും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും ഇതിന് അടിവരയിടുന്നതാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്ക് എത്തുന്ന മുപ്പത്തിയഞ്ചോളം രാഷ്ട്രത്തലവന്മാരിൽ ട്രംപ് ഏറ്റവും മുൻഗണന നൽകുന്നത് സ്വന്തം സുഹൃത്തായ മോദിക്കായിരിക്കും എന്നതിനാൽ, ഔദ്യോഗിക ചർച്ചകൾക്കപ്പുറം വിപുലമായ ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അടുത്ത വർഷം ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന ശുഭസൂചന നൽകിയ അംബാസഡർ, 2020-ലെ തന്റെ ഇന്ത്യാ സന്ദർശനത്തെയും ഇന്ത്യൻ ജനതയെയും ട്രംപ് ഇപ്പോഴും അതീവ സന്തോഷത്തോടെയാണ് ഓർമ്മിക്കാറുള്ളതെന്നും വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും സെർജിയോ ഗോർ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ 240 ബില്യൺ ഡോളറിലെത്തി നിൽക്കുന്ന ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താനാണ് മോദിയും ട്രംപും ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വമാണ് ഇന്ത്യയിൽ സുസ്ഥിരത ഉറപ്പാക്കിയതെന്നും, അത്തരമൊരു കരുത്തുറ്റ ഇന്ത്യയുമായി സഹകരിക്കുന്നത് അമേരിക്കയ്ക്ക് ഏറെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമന്മാർ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപങ്ങൾ വിപുലീകരിക്കുമ്പോൾ, യുഎസ് എംബസിയുടെ ഇടപെടലിലൂടെ 24 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപങ്ങൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും ആകർഷിക്കാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രതിരോധരംഗത്ത് അമേരിക്ക ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന പങ്കാളിയാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ അംബാസഡർ, അപപാച്ചെ ഹെലികോപ്റ്ററുകൾ, ജാവലിൻ മിസൈൽ പദ്ധതി തുടങ്ങിയ ആയുധ ഇടപാടുകൾക്ക് പുറമെ ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസങ്ങളിലും സജീവ പങ്കാളികളാണെന്ന് ഓർമ്മിപ്പിച്ചു. നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വീണ്ടും ഇന്ത്യയിലെത്തും. ഇതിനുപുറമെ മൂന്ന് യുഎസ് സംസ്ഥാന ഗവർണർമാരും വിവിധ കാബിനറ്റ് മന്ത്രിമാരും ഈ വർഷം ഇന്ത്യ സന്ദർശിക്കുമ്പോൾ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്ത നാല് മാസത്തിനിടെ മൂന്ന് തവണ യുഎസ് സന്ദർശനം നടത്തിയേക്കും.
ഇൻഡോ-പസിഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്ന ക്വാഡ് കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ ഒരു ഉച്ചകോടി ഈ വർഷം അവസാനം സംഘടിപ്പിക്കാൻ യുഎസ് അതീവ താല്പര്യം കാട്ടുന്നുണ്ടെന്നും, നേതാക്കൾ ഒന്നിച്ചിരിക്കുന്ന വേദി ഉടൻ സാധ്യമാകുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി.









