ശ്രീനഗർ : ഭീകരസംഘടനകളുടെ ഭീഷണികളും കടുത്ത സുരക്ഷാ വെല്ലുവിളികളും അവഗണിച്ച് കശ്മീർ താഴ്‌വരയിലുടനീളം കശ്മീരി പണ്ഡിറ്റുകൾ കൃഷ്ണജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ ശോഭായാത്രകൾ നടത്തി. ശ്രീനഗറിലെ പ്രശസ്തമായ ഗണപതിയാർ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പ്രധാന ഘോഷയാത്ര ചരിത്രപ്രസിദ്ധമായ ലാൽ ചൗക്കിലെ ക്ലോക്ക് ടവറിലൂടെ കടന്നുപോയി. കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും വേഷവിധാനങ്ങൾ അണിഞ്ഞ് പങ്കെടുത്ത ശോഭായാത്രയിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി.
സുഗമമായ ആഘോഷങ്ങൾ ഉറപ്പാക്കുന്നതിനായി കശ്മീർ പോലീസും സുരക്ഷാ സേനയും നഗരത്തിലുടനീളം കടുത്ത ജാഗ്രതയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഘോഷയാത്ര കടന്നുപോയ വഴികളിൽ ഡ്രോണുകളും സിസിടിവിയും ഉപയോഗിച്ച് പോലീസ് തത്സമയ നിരീക്ഷണം നടത്തി. താഴ്‌വരയിൽ വധഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും തങ്ങളുടെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിച്ചാണ് പണ്ഡിറ്റുകൾ തെരുവിലിറങ്ങിയത്.
ശ്രീനഗറിന് പുറമെ അനന്ത്നാഗ്, ബഡ്ഗാം, ഗന്ധർബാൽ തുടങ്ങിയ വിവിധ ജില്ലകളിലും പ്രാദേശിക ക്ഷേത്ര കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഘോഷയാത്രകൾ സംഘടിപ്പിച്ചു. പ്രാദേശിക മുസ്ലീം സഹോദരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർക്ക് മധുരപലഹാരങ്ങളും കുടിവെള്ളവും നൽകി സ്വീകരിച്ചത് പ്രദേശത്തെ വർഗ്ഗീയ സൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമായി മാറി. ഭയമില്ലാതെ പരമ്പരാഗത ആചാരങ്ങൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പങ്കെടുത്ത ഭക്തർ വ്യക്തമാക്കി.








