ശ്രീനഗർ : ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലുള്ള അഷ്ദാർ ഗലി വനമേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ പഖേർപോറയിൽ നിന്ന് യൂസ്മാർഗിലേക്ക് ഭീകരരുടെ സംഘം നീങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് ബഡ്ഗാമിലെ വനമേഖലയിൽ വിപുലമായ റെയ്ഡ് നടത്തിയത്.
തിരച്ചിലിനിടെ കാട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടതോടെ സൈന്യം ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് എകെ 47 റൈഫിളും മറ്റ് യുദ്ധസാമഗ്രികളും സുരക്ഷാ സേന കണ്ടെടുത്തു.
കൊല്ലപ്പെട്ട ഭീകരന്റെ വ്യക്തിവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇയാൾ ഏത് സംഘടനയിൽപ്പെട്ടയാളാണെന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. ഇനിയും മറ്റൊരു ഭീകരൻ കൂടി ഈ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തിൽ സൈന്യം വനം പൂർണ്ണമായി വളഞ്ഞ് കടുത്ത പരിശോധന തുടർന്നു വരികയാണ്. ചീനാർ കോർസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഏറ്റുമുട്ടലിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടത്.









