ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. ജമ്മു കശ്മീര്‍ പോലീസ്, കേന്ദ്ര സായുധ പോലീസ് സേന, എന്നിവരുമായി സംയുക്തമായി ചേര്‍ന്നാണ് റെയ്ഡ്. എന്‍ഐഎ. നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ എന്നിവടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. പാകിസ്താന്‍ ഭീകരരുടെ ഭീകരഫണ്ട് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് എട്ട് സ്ഥലങ്ങളില്‍ പരിശോധന.
തീവ്രവാദികള്‍ക്ക് ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ എത്തിച്ചുനല്‍കിയ പാകിസ്താന്‍ പിന്തുണയുള്ള ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ സഹായികള്‍ക്കായി പരിശോധന ശക്തമാക്കിയത്. കശ്മീരിന്റെ വിവിധയിടങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ യുവാക്കളെ പുതിയ നെറ്റ്വര്‍ക്കുകളുടെ ഭാഗമാക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തി വരുന്നത്.
ഈ കഴിഞ്ഞ നവംബര്‍ 27ന് കത്വ സ്വദേശിയായ സക്കീര്‍ ഹുസൈന്‍ എന്ന 22 കാരന്‍ ഉള്‍പ്പെടെ 7 ഭീകരരെ എന്‍ഐഎ സംഘം പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു .അതേസമയം രണ്ട് ഭീകരര്‍ ഒളിവിലാണ്.
കാശ്മീര്‍ താഴ്‌വരയിലെ ഭീകരപ്രവര്‍ത്തനങ്ങളും ,ആക്രമണങ്ങളും നടത്താനുള്ള പാകിസ്താന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഗൂഢാലോചന തടയാന്‍ എന്‍ഐ അന്വേഷണം തുടരുകയാണ്.









