കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ കൊൽക്കത്ത കമാക് സ്ട്രീറ്റിലെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്ന് നിലകൾ അടിയന്തരമായി ഒഴിയാൻ പശ്ചിമ ബംഗാൾ അഗ്നിശമന സേന നിർദ്ദേശം നൽകി. കെട്ടിടത്തിൽ ഗുരുതരമായ അഗ്നിസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കടുത്ത നടപടി. കെട്ടിടത്തിലെ ബേസ്‌മെന്റും ആറും ഏഴും നിലകളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
തീപിടുത്തമുണ്ടായാൽ നേരിടാനുള്ള അത്യാവശ്യ സുരക്ഷാ സംവിധാനങ്ങൾ ബേസ്‌മെന്റിലും ഏഴാം നിലയിലും ഇല്ലെന്ന് ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ വ്യക്തമായി. കൂടാതെ കെട്ടിടത്തിന്റെ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിച്ചിരുന്നെങ്കിലും അത് പുതുക്കിയിരുന്നില്ല. ഇതേത്തുടർന്ന് കെട്ടിട ഉടമയ്ക്ക് ഫയർഫോഴ്സ് നോട്ടീസ് അയച്ചിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കാത്തതിനാലാണ് വിനിയോഗം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം ഈ ഓഫീസിന് നേരെ ആയുധധാരികളായ അജ്ഞാതർ ആക്രമണം നടത്തുകയും ഓഫീസ് തകർക്കുകയും ചെയ്തിരുന്നു. ഈ അക്രമത്തിന് തൊട്ടുപിന്നാലെയാണ് ഫയർഫോഴ്സിന്റെയും പോലീസിന്റെയും സംയുക്ത സംഘം കെട്ടിടത്തിൽ മിന്നൽ പരിശോധന നടത്തിയത്. അതേസമയം കെട്ടിട ഉടമയും മുമ്പ് തൃണമൂൽ കോൺഗ്രസിനോട് ഈ നിലകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിരുന്നു.
കെട്ടിടത്തിലെ വീഴ്ചകൾ പരിഹരിച്ച് പുതിയ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ ഈ നിലകൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. എന്നാൽ രാഷ്ട്രീയ വിരോധം തീർക്കാനാണ് കേന്ദ്ര സർക്കാരും ഏജൻസികളും ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലും തുടർന്നുണ്ടായ നടപടികളിലും വിശദമായ അന്വേഷണം വേണമെന്ന് തൃണമൂൽ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.










