വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ബിജെപിയിൽ സംഘടനാതലത്തിൽ നിർണായക അഴിച്ചുപണി. സംസ്ഥാനത്തെ വടക്കൻ മേഖലയെന്നും തെക്കൻ മേഖലയെന്നും രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് പ്രമുഖ സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് പുതിയ ചുമതലകൾ വീതിച്ചുനൽകി. എം.ടി. രമേശിന് വടക്കൻ മേഖലയുടെയും എസ്. സുരേഷിന് തെക്കൻ മേഖലയുടെയും പൂർണ്ണ ചുമതലയാണ് പാർട്ടി നൽകിയിരിക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഏഴ് വടക്കൻ ജില്ലകളുടെ ഏകോപന ചുമതല എം.ടി. രമേശ് വഹിക്കുമ്പോൾ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളാണ് എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള തെക്കൻ ക്ലസ്റ്ററിലുള്ളത്.
മറ്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി എന്നിവർക്കും പുതിയ സുപ്രധാന ഉത്തരവാദിത്തങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാമുകളുടെയും ഡൽഹി കോർഡിനേഷന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. കേന്ദ്ര നേതൃത്വവുമായുള്ള നിരന്തര ആശയവിനിമയത്തിനും ദേശീയ തലത്തിലുള്ള പരിപാടികളുടെ ഏകോപനത്തിനും ഇതോടെ ശോഭ നേതൃത്വം നൽകും. യുവനേതാവായ അനൂപ് ആന്റണിയെ സംസ്ഥാന സെല്ലുകളുടെ പ്രഭാരിയായും 2029 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ‘മിഷൻ 2029’ പ്രചാരണ വിഭാഗത്തിന്റെ പൂർണ്ണ ചുമതലക്കാരനായും നിയമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഇനി അനൂപിന്റെ മേൽനോട്ടത്തിലാകും നടക്കുക.
പുതിയ മേഖല തിരിച്ചുള്ള ചുമതലകൾ പ്രാബല്യത്തിൽ വന്നതോടെ ജനറൽ സെക്രട്ടറിമാരെ നിലവിൽ അവർ വഹിച്ചിരുന്ന വിവിധ പോഷക സംഘടനകളുടെയും മോർച്ചകളുടെയും ചുമതലകളിൽനിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ സംഘടനാ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി ചില ജില്ലകൾ വിഭജിച്ച് സംഘടനാ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന നടപടികൾ ബിജെപി പൂർത്തിയാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാന നേതൃത്വം ഈ വമ്പൻ പുനഃസംഘടന നടപ്പിലാക്കിയത്.










