കോഴിക്കോട് : ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെട്ട് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കോവൂർ പാലാഴി എംഎൽഎ റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരണപ്പെട്ടത്. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം നടന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത്. കണ്ണൂരിലേക്കുള്ള യാത്രയ്ക്കായി ട്രെയിൻ കയറാൻ എത്തിയതായിരുന്നു ഡോക്ടർ സുജാത.
അപകടം നടന്ന ഉടൻ തന്നെ റെയിൽവേ ഡോക്ടർ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഡോക്ടർ സുജാത.
Discussion about this post