കോഴിക്കോട് : ഇരുവഴിഞ്ഞി പുഴയിൽ 13 വയസ്സുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ സമയത്ത് ആയിരുന്നു അപകടമുണ്ടായത്.
തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയതായിരുന്നു റയോൺ. സ്കൂൾ അവധി ദിവസമായിരുന്നതിനാൽ സുഹൃത്തിന്റെ വീട്ടിൽ ഒത്തുകൂടിയതായിരുന്നു റയോൺ അടക്കമുള്ള വിദ്യാർത്ഥികൾ. ഉച്ച ഭക്ഷണം കഴിച്ചതിനുശേഷം സുഹൃത്തുക്കൾ ചേർന്ന് പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് റയോണിനെ പുഴയിൽ നിന്നും കയറ്റിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റയോണിന്റെ മൃതദേഹം കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








