ഭോപ്പാൽ : മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ഉജ്ജയിനിൽ നിന്നുമുള്ള മോഹൻ യാദവ് തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ഭോപ്പാലിൽ നടന്ന ബിജെപി നിയമസഭാ യോഗത്തിന് ശേഷമാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തത്.
58 കാരനായ മോഹൻ യാദവ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽ നിന്ന് വിജയിച്ച ആളാണ്. തുടർച്ചയായി മൂന്നാം തവണയാണ് ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായൺ യാദവിനെതിരെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മോഹൻ യാദവിന്റെ ജയം.
1965 മാർച്ച് 25 ന് മധ്യപ്രദേശിലെ ഉജ്ജയിനിൽ ജനിച്ച മോഹൻ യാദവ് വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്. ഒരു വ്യവസായി കൂടിയായ മോഹൻ യാദവ് 2013ലെയും 2018ലെയും മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആയിരുന്നു. 2020ലെ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.








