ന്യൂഡൽഹി: വ്യാജരേഖകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി നിരവധി പേരിൽ നിന്നും പണം തട്ടുകയും വിവാഹത്തട്ടിപ്പ് നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്. കശ്മീർ കുപ്വാര സ്വദേശിയായ സയാദ് ഇഷാൻ ബുഖാരി എന്ന ഇഷാൻ ബുഖാരി (37) ആണ് അറസ്റ്റിലായത്. ഒഡീഷ പോലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് ഇയാളെ പിടികൂടിയത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കാശ്മീർ തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആറോളം സ്ത്രീകളെ ഇയാൾ വിവാഹത്തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഇയാൾക്ക് പാകിസ്താനിലെ നിരവധിപേരുമായി ബന്ധമുണ്ടെന്നാണ് ഒഡീഷ പോലീസ് പറയുന്നത്. കേരളത്തിലെ ചില സംശയാസ്പദമായ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്.
വിവാഹതട്ടിപ്പിനായി ഓരോ തവണയും ഓരോ ജേലിയെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ന്യൂറോ സർജൻ, സൈനിക ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥൻ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്ത് തുടങ്ങിയവയായിരുന്നു ഇയാൾ പറഞ്ഞിരുന്ന പദവികൾ.
യുഎസിലെ കോർനെൽ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട്, തമിഴിനാട്ടിലെ വെല്ലുരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാജ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റുകൾ, അന്താരാഷ്ട്ര ബിരുദങ്ങൾ, സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ തുടങ്ങി നൂറോളം വ്യാജ തിരിച്ചറിയൽ കാർഡുകളും ബിരുദങ്ങളും ഇയാളിൽ നിന്ന് കണ്ടെത്തി.
ഈ വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്ന ഇയാൾ നിരവധി സ്ത്രീകളുമായാണ് ബന്ധം സ്ഥാപിച്ചിരുന്നത്. കാശ്മീരിൽ ഇയാൾക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഇഷാൻ ബുഖാരിയെ പഞ്ചാബ്, കാശ്മീർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സംയുക്ത പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. ഇയാൾ പാക് ചാരനാണോയെന്നതും അന്വേഷണ വിധേയമാണെന്നും പോലീസ് പറഞ്ഞു








