വത്തിക്കാൻ : ചരിത്രപ്രധാനമായ വത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യ കേസിൽ ശിക്ഷാവിധി പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയ കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ് ശിക്ഷയായി വിധിച്ചു. 75 കാരനായ ഇറ്റാലിയൻ കർദിനാൾ ആഞ്ചലോ ബെക്യു ഫ്രാൻസിസ് മാർപാപ്പയുടെ മുൻ ഉപദേഷ്ടാവും അടുത്ത മാർപ്പാപ്പ മത്സരാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു.
വത്തിക്കാൻ ക്രിമിനൽ കോടതിയെ അഭിമുഖീകരിക്കേണ്ടി വന്ന കത്തോലിക്കാ സഭയിലെ ഏറ്റവും മുതിർന്ന വൈദികനാണ് ആഞ്ചലോ ബെക്യു. ലണ്ടൻ പ്രോപ്പർട്ടി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ആരോപണത്തിന് ഏറെ നാളായി വിചാരണയിലായിരുന്നു അദ്ദേഹം.
വഞ്ചന, ഓഫീസ് ദുരുപയോഗം, സാക്ഷികളെ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ബെക്യുവിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി പ്രസിഡന്റ് ഗ്യൂസെപ്പെ പിഗ്നാറ്റോൺ ആണ് ആഞ്ചലോ ബെക്യുവിനെതിരായ കേസിൽ വിധി പ്രസ്താവിച്ചത്. ബെക്യുവിനെ കൂടാതെ
ഫിനാൻഷ്യർമാർ, അഭിഭാഷകർ, മുൻ വത്തിക്കാൻ ജീവനക്കാർ എന്നിവർ അടക്കം ഒൻപത് പ്രതികൾ കേസിൽ ഉൾപ്പെട്ടിരുന്നു.
2014-ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിക്ഷേപത്തിന്റെ ഭാഗമായി ലണ്ടനിൽ 380 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വസ്തു വാങ്ങിയതിൽ അഴിമതി നടത്തി എന്നാണ് പ്രതികൾക്കെതിരായ ആരോപണം. 2021 ജൂലൈയിൽ ആണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റത് മുതൽ വത്തിക്കാനിൽ നടത്തുന്ന ശുദ്ധികലശത്തിന്റെ ഫലമായാണ് വത്തിക്കാൻ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ വെളിവാക്കപ്പെട്ടത്.
Discussion about this post