ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നാല് പേരെ തിരിച്ചറിഞ്ഞു. ഇവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഡീപ് ഫേക്ക് വീഡിയോ അപ് ലോഡ് ചെയ്തവരെയാണ് പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാല് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, വീഡിയോ നിർമിച്ചവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. വി.പി.എന്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളില്‍നിന്നാണ് ഡീപ് ഫേക്ക് വീഡിയോ അപ് ലോഡ് ചെയ്തതെന്നാണ് കണ്ടെത്തല്‍.
നടിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 10നാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഡൽഹി പോലീസിന് വനിത കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി പോലീസ് സ്പെഷല്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഝരു ബിഹർ സ്വദേശി നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ പക്കൽ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്‍റെ യുആര്‍എല്‍ വിവരങ്ങള്‍ ഉൾപ്പെടെ പോലീസിന് ലഭിച്ചിരുന്നു.
രശ്മിക മന്ദാനയുടെ വീഡിയോ ഉൾപ്പെടെ പ്രചരിച്ചതിന് പിന്നാലെ ഡീപ് ഫേക്ക് വീഡിയോയുടെ അപകടങ്ങളെ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.








