കൊച്ചി: എറണാകുളത്ത് വിവിധഭാഷാ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി (26) എന്നിവരാണ് പിടിയിലായത്.
കേരളത്തിൽ നിന്നും നൽകിയ വിവരത്തെ തുടർന്ന് കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗുവാഹത്തി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവരെ എറണാകുളത്തേക്ക് എത്തിക്കാനായി പോലീസ് സംഘം അവിടേക്ക് പുറപ്പെട്ടുവെന്നാണ് വിവരം.
വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന അസം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. സ്‌കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഇവരെ പ്രതികൾ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തിലെത്തി ടിക്കറ്റെടുത്ത് ഇവർ ഗുവാഹത്തിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം










