എറണാകുളം: 10 വയസുകാരി വൈഗ കൊലക്കേസിൽ വിധി നാളെ വരും. കേസിൽ പ്രതി വൈഗയുടെ അച്ഛൻ മാത്രമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 3400 പേജുള്ള കുറ്റപത്രം ആണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നാളെ വിധി പറയുക.
2021 മാര്‍ച്ച് 22നായിരുന്നു പിതാവ് സനു മോഹൻ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമ്മാവനെ കാണിക്കാനാണെന്ന് പറഞ്ഞ് കൊണ്ടുവന്ന കുഞ്ഞിനെ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. പോലീസ് അന്വേഷണം ആരംഭിച്ച ഉടനെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
ഗോവ, കോയമ്പത്തൂര്‍, മൂകാംബിക എന്നീ സ്ഥലങ്ങളില്‍ ഒളിവിൽ കഴിഞ്ഞ പ്രതിയെ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഒരു മാസത്തിന് ശേഷം പോലീസ് പിടികൂടിയത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാൻ മകളെ കൊന്ന് ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പോലീസിന്റെ നിഗമനം.








