ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെയുള്ള ആക്രമണത്തിന് ഭീകരർ ചൈന നിർമ്മിത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
ചൈനീസ് ആയുധങ്ങൾ, ബോഡി സ്യൂട്ട് ക്യാമറകൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ജെയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കർ ഇ ത്വായ്ബ എന്നീ ഭീകര സംഘടനകൾ സൈന്യത്തെ ആക്രമിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തല്‍. കൂടാതെ ഈ ആയുധങ്ങൾ ചൈന പാകിസ്ഥാൻ സൈന്യത്തിനും അയക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം, ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെ ആയുധങ്ങളുമായി പിടികൂടി.
പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരർ സൈനികർക്ക് നേരെ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച സ്‌നൈപ്പർ തോക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ അതിർത്തിയിൽ ഒരു ഇന്ത്യൻ സൈനികന് നേരെ സ്‌നൈപ്പർ തോക്ക് പ്രയോഗിച്ച് ആക്രമണം നടന്നിരുന്നു.
ചൈനയുടെ സഹായത്തോടെ പാകിസ്താൻ സൈബർ വിഭാഗം ശക്തിപ്പെടുത്തുകയാണെന്നും രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ യുദ്ധത്തിനായി പാകിസ്താന് പ്രത്യേക ഇൻഫർമേഷൻ സെക്യൂരിറ്റി ലാബ് സ്ഥാപിക്കുന്നതിനും ചൈന ധനസഹായം നൽകുന്നുണ്ട്.
എന്നാല്‍, കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സുരക്ഷാ സംവിധാനം തുടർച്ചയായി ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി. ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച വൻ ആയുധധാരികളായ ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ചു. അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post