സോൾ : പ്രശസ്ത കൊറിയൻ ചലച്ചിത്ര താരം ലീ സുൻ ക്യുൻ അന്തരിച്ചു. കാറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം നിഗമനം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ദക്ഷിണ കൊറിയൻ താരമാണ് ലീ സുൻ ക്യുൻ. അന്താരാഷ്ട്ര പ്രശംസയും ഓസ്കാർ പുരസ്കാരവും നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് ലീ സുൻ ക്യുനിന്റെ മൃതദേഹം കണ്ടെത്തിയത്. 48 വയസ്സായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ അദ്ദേഹത്തിന് എതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് സിനിമകളിൽ നിന്നും ടെലിവിഷൻ പരമ്പരകളിൽ നിന്നും വിലക്ക് നേരിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ദക്ഷിണ കൊറിയയിലെ പ്രശസ്തമായ കൊറിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ ലീ സുൻ ക്യുൻ 2001-ൽ “ലവേഴ്സ്” എന്ന ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. അവർ ടൗൺ, ഹെല്പ്ലെസ്, എ ഹാർഡ് ഡേ, ആൾ എബൌട്ട് മൈ വൈഫ്, പാരസൈറ്റ് എന്നിങ്ങനെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ സ്ലീപ് എന്ന ചിത്രവും വലിയ വാണിജ്യ വിജയമായിരുന്നു. നടി ജിയോൺ ഹൈ-ജിനെ വിവാഹം കഴിച്ച ലീ സുൻ ക്യുൻ രണ്ട് ആൺമക്കളുടെ പിതാവ് കൂടിയാണ്.








