ചെന്നെ: തമിഴ്‌നാട്ടിലെ എന്നൂരിലെ സ്വകാര്യ കമ്പനിയുടെ പൈപ്പ് ലൈനിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് 12 പേർ ആശുപത്രിയിൽ. രാസവളങ്ങൾ നിർമ്മിക്കുകയും അമോണിയ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുകയും ചെയ്യുന്ന കോറോമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡിൽ ഇന്നലെ രാത്രി 12.45 ഓടെയാണ് സംഭവം.
പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് ഓപ്പറേഷനിടെയാണ് അമോണിയ വാതക ചോർച്ച ഉണ്ടായത്. വാതകം ചോർന്നതോടെ, പെരിയക്കുപ്പം, ചിന്നക്കുപ്പം തുടങ്ങിയ ഗ്രാമങ്ങളിൽ ഉള്ളവർക്ക് രൂക്ഷമായ ദുർഗന്ധവും ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു.
തുടർന്ന്, അർദ്ധരാത്രിയോടെ തന്നെ പോലീസും അധികാരികളും ചേർന്ന് മറ്റ് പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. രാത്രിയിൽ തന്നെ കമ്പനി വാതക ചോർച്ച നിയന്ത്രണവിധേയമാക്കി.








