ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റാണെന്നും എന്നാൽ ഇത്ര വലിയൊരു കൊടുംചതി പാർട്ടിയോട് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി നടന്നു വന്ന സിപിഎം വിശാല ജില്ലാ കമ്മിറ്റിയോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കവേയാണ് ജില്ലാ സെക്രട്ടറി തുറന്നടിച്ചത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരൻ, പാർട്ടി അംഗത്വം പുതുക്കാതിരുന്ന നടപടി ഒരു ബുദ്ധിമാനായ കമ്യൂണിസ്റ്റിന്റെ അവസരവാദപരമായ നിലപാടായിരുന്നുവെന്ന് നാസർ കുറ്റപ്പെടുത്തി. നിലവിൽ പാർട്ടി അംഗത്വം ഇല്ലാത്തതിനാൽ സുധാകരനെതിരെ ഔദ്യോഗികമായി സംഘടനാപരമായ നടപടിയെടുക്കാൻ സിപിഎമ്മിന് സാധിക്കാത്ത അവസ്ഥയാണുള്ളത്.
മുതിർന്ന നേതാവിന്റെ പാർട്ടി വിടാനുള്ള നീക്കം മുൻകൂട്ടി കണ്ട് തടയാൻ കഴിയാത്തത് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ സംഘടനാവീഴ്ചയാണെന്നും ജില്ലാ സെക്രട്ടറി തുറന്നുസമ്മതിച്ചു. മുൻപ് പലപ്പോഴും യുഡിഎഫ് സംഘടിപ്പിച്ച പൊതുപരിപാടികളിലും വേദികളിലും സുധാകരൻ പങ്കെടുത്തപ്പോൾ പാർട്ടി അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. എന്നാൽ മുതിർന്ന നേതാവ് എന്ന പരിഗണന നൽകി അച്ചടക്കനടപടി സ്വീകരിക്കാതെ പാർട്ടിക്കൊപ്പം ചേർത്തുനിർത്താനാണ് നേതൃത്വം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെയും അണികളെയും വഞ്ചിച്ച് സുധാകരൻ നടത്തിയ ഈ രാഷ്ട്രീയ നീക്കം പാർട്ടിക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ലെന്ന് വിശദീകരിച്ച നാസർ, വരുന്ന തിരഞ്ഞെടുപ്പിൽ ഈ വഞ്ചനയ്ക്ക് ജനങ്ങൾ മറുപടി നൽകുമെന്നും വ്യക്തമാക്കി.












