ന്യൂഡൽഹി: സാവിത്രിഭായ് ഫൂലെയ്ക്കും റാണി വേലു നാച്ചിയാരുടെയും ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹാനുഭൂതിയും ധൈര്യവും കൊണ്ട് സമൂഹത്തെ പ്രചോദിപ്പിച്ച ഇരുവരും നമ്മുടെ രാഷ്ട്രത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അവരെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘സാവിത്രിഭായ് ഫൂലെയ്ക്കും റാണി വേലു നാച്ചിയാർക്കും അവരുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇരുവരും തങ്ങളുടെ ദയയും ധൈര്യവും കൊണ്ട് സമൂഹത്തെ പ്രചോദിപ്പിച്ചവരാണ്. നമ്മുടെ രാജ്യത്തിന് അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അടുത്തിടെ നടന്ന മൻ കി ബാത്തിൽ ഞങ്ങൾ അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത് ഇങ്ങനെയാണ്’- പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
സാവിത്രിഭായ് ഫൂലെ, റാണി വേലു നാച്ചിയാർ എന്നിവരെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ പ്രകടിപ്പിച്ച മൻ കി ബാത്തിലെ ചില ഭാഗങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.
മഹാരാഷ്ട്രയിൽ നിന്നുള്ള ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകയും കവയത്രിയുമായിരുന്നു സാവിത്രിഭായ് ഫൂലെ. ഇന്ത്യയിലെ ആദ്യത്തെ വനിതാ അദ്ധ്യാപികയാണ് അവർ. ഭർത്താവ് ജ്യോതിറാവു ഫൂലെയ്‌ക്കൊപ്പം ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സാവിത്രിഭായ് ഫൂലെ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളോടുള്ള വിവേചനവും അന്യായമായ പെരുമാറ്റവും ഇല്ലാതാക്കാനായി സാവിത്രിഭായ് ഫൂലെ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. ഫൂലെ ഒരു മികച്ച മറാത്തി എഴുത്തുകാരി കൂടിയായിരുന്നു.
ഒരു രാജകുടുംബത്തിൽ ജനിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച ആദ്യ വനിതയാണ് റാണി വേലു നാച്ചിയാർ. നവാബ് ആർക്കോട്ടിന്റെ മകനും ബ്രിട്ടീഷ് സൈനികരും ചേർന്ന് തന്റെ ഭർത്താവിനെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയും കൊലപ്പെടുത്തിയപ്പോഴാണ് റാണി വേലു നാച്ചിയാർ ആയുധമെടുത്തത്. പിന്നീട് മകളോടൊപ്പം രക്ഷപ്പെട്ട അവർ ഡിണ്ടിഗലിനടുത്തുള്ള വിരുപ്പാച്ചിയിൽ ഹൈദരാലിയുടെ സംരക്ഷണയിൽ എട്ട് വർഷത്തോളം താമസിച്ചു. ഈ കാലയളവിൽ റാണി വേലു നാച്ചിയാർ ഒരു സൈന്യം രൂപീകരിക്കുകയും ബ്രിട്ടീഷുകാരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഗോപാല നായക്കർ, ഹൈദർ അലി എന്നിവരുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 1780-ൽ റാണി വേലു നാച്ചിയാർ തന്റെ സഖ്യകക്ഷികളുടെ സൈനിക സഹായത്തോടെ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുകയും യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.








